Friday, March 22, 2019

കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോൺ; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി

drone found flying in kovalam at night police started enquiry

തിരുവനന്തപുരം: കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പറ‍ത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത് എന്നത് സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നു. സംഭവത്തിൽ പൊലീസും ഇന്‍റലിജൻസും സംയുക്ത അന്വേഷണം തുടങ്ങി. 
കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോൺ പറക്കുന്നത് കണ്ടത്. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പടെയുള്ള പ്രദേശത്താണ് അർധരാത്രി ഡ്രോൺ കണ്ടെത്തിയത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍റലിജൻസ് ഉൾപ്പടെയുള്ള ഏജൻസികളും അന്വേഷണം നടത്തുന്നത്.
പൊലീസുമായി സഹകരിച്ചാകും ഇന്‍റലിജൻസിന്‍റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോൺ പറത്തിയതെങ്കിൽ അത് പകൽ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. 
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്. 

Share This

No comments:

Post a Comment

Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates