Get The Best Sales Page For Your Product

Don't miss the best sales page for your product for only $15

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

Thursday, March 28, 2019

സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് യുഎഇയില്‍ 10 വര്‍ഷം തടവ്

UAE Court sentenced Emirati man to 10 years

അബുദാബി: സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. 45 വയസുള്ള സ്വദേശി പൗരനാണ് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അതുവഴി തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും അപകടപ്പെടുത്തുന്ന തരത്തിലും സമൂഹത്തെ തെറ്റായി ബാധിക്കുന്ന തരത്തിലും ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ലാപ്‍ടോപ്പും സ്മാര്‍ട്ട് ഫോണുകളും  പിടിച്ചെടുത്തിട്ടുണ്ട്.

Read More

മൂടല്‍മഞ്ഞ് പുതച്ച് യുഎഇ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dense fog various parts UAE weather warning issued

അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ അന്തരീക്ഷ മര്‍ദം കാരണം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്. ഇന്നും അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടല്‍ ചെറിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ദുബായില്‍ മാത്രം 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,385 പേര്‍ പൊലീസ് സഹായം തേടിയെന്നും ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ല.


Read More

'അവനാണ് തോല്‍പ്പിച്ചത്'; തനിക്ക് തെറ്റുപറ്റിയെന്ന് വിരാട് കോലി

virat kohli praises bumrah

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് വന്മരങ്ങള്‍ തമ്മിലുള്ള പോരാട്ടമായാണ് ഇന്നലെ നടന്ന മുംബെെ ഇന്ത്യന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തെ ആരാധകര്‍ കണ്ടത്. പ്രതീക്ഷിച്ചത് പോലെ തന്നെ ഇരു ടീമുകളും വര്‍ധിത പോരാട്ടവീര്യം കളത്തിലെടുത്തതോടെ അവസാന ഓവറിന്‍റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് റണ്‍സിന്‍റെ വിജയം മുംബെെ നേടിയെടുക്കുകയായിരുന്നു.
ലസിത് മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോള്‍ ആയത് അമ്പയര്‍ കാണാതെ പോയത് വിവാദങ്ങള്‍ക്ക് കാരണമാകുമ്പോള്‍ തനിക്ക് പറ്റിയ ഒരു തെറ്റിനെ കുറിച്ച് വിരാട് കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്. താനും ഡിവില്ലിയേഴ്സും മികച്ച രീതിയില്‍ ചേസ് ചെയ്യുമ്പോള്‍ ജസ്പ്രിത് ബുംറയുടെ പന്തില്‍ വീണ് പോയതാണ് കളി തോറ്റതിന്‍റെ ഒരു കാരണമായി കോലി പറയുന്നത്.
ആ സമയത്തെ ഏറ്റവും വലിയ തെറ്റാണ് താന്‍ ചെയ്തത്. ബുംറ ഒരു ടോപ് ക്ലാസ് ബൗളറാണ്. അദ്ദേഹത്തിനെതിരെ അപ്പോള്‍ അങ്ങനെ ഷോട്ട് എടുത്തത് തെറ്റായി പോയി. ശരിക്കും ബുംറ ടീമിലുള്ളത് മുംബെെയ്ക്ക് ഭാഗ്യമാണ്. ബുംറ മാത്രമല്ല, മലിംഗയുടെ കാര്യവും അങ്ങനെ തന്നെ. ജാസി (ബുംറ) മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്കും ഗുണകരമാണെന്നും കോലി പറഞ്ഞു.  
ബുംറയുടെ ബൗണ്‍സറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. എന്നാല്‍, ഇതില്‍ ഒരു റണ്‍ നേടി ആറ് റണ്ണിന്‍റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. അതിന് ശേഷം മുംബൈ വിജയാഘോഷത്തിനിടെയാണ് ആ പിഴവ് സ്ക്രീനില്‍ തെളിഞ്ഞത്. മലിംഗ എറിഞ്ഞ അവസാന ബോള്‍ സ്റ്റെപ്പ് ഔട്ട് നോ ബോള്‍ ആയിരുന്നു. ഇതേചൊല്ലിയുള്ള വിവാദം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് പുകഴുകയാണ്. 

Read More

തൊടുപുഴയിൽ മര്‍ദ്ദനമേറ്റ 7 വയസ്സുകാരന്‍റെ നില അതീവ ഗുരുതരം; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍

thodupuzha incident child in critical condition

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കൊപ്പം താമസിച്ച സുഹൃത്ത് കസ്റ്റഡിയില്‍. ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള മുപ്പത്തഞ്ചുകാരന്‍റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അമ്മയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ കുട്ടിയെ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും സുഹൃത്തും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛൻ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് പ്രതി മൂത്ത കുഞ്ഞിനെ മർദ്ദിച്ചത്.
തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാൾ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടി. ഇളയ കുഞ്ഞിനും മർദ്ദനമേറ്റു. ഏഴുവയസ്സുകാരന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും ഇയാൾ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാൽ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനൊപ്പമായിരുന്നു കുട്ടികളും അമ്മയും താമസിച്ചിരുന്നത്. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Read More

ഇന്ത്യ മുഴുവൻ വോട്ടിങ്ങ് മെഷീന്‍; ഈ മണ്ഡലത്തില്‍ മാത്രം ബാലറ്റ് പേപ്പര്‍

Telangana's Nizamabad, With 185 Candidates, To Vote Using Ballot Paper

ഹൈദരാബാദ്: ആദ്യഘട്ടത്തിൽ പോളിങ്ങ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തെലങ്കാനയിലെ നിസാമാബാദ്. ഇത്തവണ ഈ മണ്ഡലം ശ്രദ്ധേയമാവാൻ പോവുന്നത് മറ്റൊരു കാരണത്താലാണ്. രാജ്യം മുഴുവൻ വോട്ടിങ്ങ് മെഷീനിൽ വിരലമർത്തി വോട്ടുചെയ്യുമ്പോൾ നിസാമാബാദ് മാത്രം ബാലറ്റിൽ സീലടിച്ച് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 
തെലങ്കാനാ രാഷ്ട്ര സമിതിയുടെ അധ്യക്ഷനും തെലങ്കാനാ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ മകൾ കൽവകുന്ദള കവിതയാണ് നിസാമാബാദിലെ സിറ്റിങ്ങ് എം പി. ഇന്നലെ വൈകുന്നേരം 4  മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ  200  പത്രികകളാണ് കമ്മീഷനു മുന്നിലെത്തിയത്. പല കാരണങ്ങളും കാണിച്ച്‌ കമ്മീഷൻ 11  പത്രികകൾ തള്ളി. ഒടുവിൽ അവശേഷിച്ചിരുന്നത് 189  പത്രികകൾ. അതിൽ 4 സ്ഥാനാർത്ഥികൾ അവരുടെ പത്രികകൾ പിൻവലിച്ചതോടെ മത്സരിക്കുന്നവരുടെ എണ്ണം 185 എന്നുറപ്പിച്ചു. 
അതോടെ വെട്ടിലായത് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആകെ 63  സ്ഥാനാർഥികളെയും, ഒരു നോട്ടയെയും അടക്കം 64  പേരെ മാത്രമേ ഉൾക്കൊള്ളിക്കാനാവൂ. നിസാമാബാദിലാണെങ്കിൽ, കഴിഞ്ഞ തവണത്തെ ജയം ആവർത്തിക്കാനായി കവിത  ഇത്തവണയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മധു യാഷ്‌കി ഗൗഡ്, ബിജെപിയ്ക്കുവേണ്ടി മത്സരിക്കുന്ന ധർമപുരി അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. 
ഒപ്പം, പാർലമെന്‍റിലേക്ക് എത്താനുള്ള പരിശ്രമവുമായി, പ്രാദേശിക പാർട്ടികളെ പ്രതിനിധീകരിക്കുന്ന നാല് സ്ഥാനാർത്ഥികൾ കൂടിയുണ്ട്. ഈ ഏഴ് സ്ഥാനാർത്ഥികൾക്ക് പുറമേ, തെലങ്കാനയിലെ കർഷക സമരങ്ങളുടെ മുൻ നിരയിലുള്ള 178  കർഷകർ കൂടി മത്സരിക്കാൻ തീരുമാനിച്ചതാണ് മത്സരിക്കുന്നവരുടെ എണ്ണം  വോട്ടിങ് മെഷീന്റെ പരിധിക്കും അപ്പുറത്തേക്ക് കൂടാനിടയാക്കിയത്. ഇവരുടെ നാമനിർദ്ദേശ പത്രികകൾ വരണാധികാരി അംഗീകരിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റുവഴികൾ തേടേണ്ടിവരും. 
പല ഭാഗത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും നാമനിർദേശ പത്രിക പിൻവലിക്കാൻ ഈ 178  പേരിൽ ഒരാൾ പോലും തയ്യാറാവാതെ വന്നപ്പോൾ, അവശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ഡലത്തിലെ പതിനഞ്ചു ലക്ഷത്തോളം വരുന്ന വോട്ടർമാർക്കു വേണ്ട ബാലറ്റ് പേപ്പർ  അച്ചടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ഇപ്പോൾ കമ്മീഷൻ. 
കർഷക സമരങ്ങൾ തെലങ്കാനയിൽ പുകയാൻ തുടങ്ങിയിട്ട് ഏറെനാളായി. ഇത്രയും കാലം ജനപ്രതിനിധികളോട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പ്രശ്നപരിഹാരം കാത്തു കിടന്ന നിസാമാബാദിലെ ജനങ്ങൾ ഒന്നും നടക്കാതെ വന്നപ്പോഴാണ് പാർലമെന്‍റില്‍ നേരിട്ട് ചെന്ന്  കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വഴി നോക്കുന്നത്. വ്യവസ്ഥാപിത പാർട്ടികളുടെ നേതാക്കളോട് മത്സരിച്ചു ജയിക്കാനാവും എന്ന തെറ്റിദ്ധാരണയൊന്നും ഇല്ലാത്തതിനാൽ പരമാവധി കർഷക പ്രതിനിധികളെ മത്സരത്തിനിറക്കിക്കൊണ്ട് തങ്ങളുടെ സംഘർഷങ്ങളിലേക്ക് ദേശീയശ്രദ്ധ ആകർഷിക്കാനാണ് അവർ ശ്രമിക്കുന്നത്.  
ഇത്രയധികം സ്ഥാനാർത്ഥികൾ വരുന്നതോടെ വലിയൊരു ജോലിയാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ തലയിൽ വന്നു വീണിരിക്കുന്നത്. ഇത്രയും പേരുകൾ ഉൾക്കൊള്ളിച്ച് പതിനഞ്ചുലക്ഷത്തിലധികം ബാലറ്റുപേപ്പറുകൾ അടിക്കണം, സ്ഥാനാർത്ഥികൾക്ക് അവരവരുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ച്, ലഭ്യമായ ചിഹ്നങ്ങൾ അനുവദിക്കണം. ബാലറ്റ് ബോക്സുകൾക്ക് ഓർഡർ നൽകി അവ നിർമിക്കണം തുടങ്ങി ചില്ലറയൊന്നുമല്ല പ്രശ്നങ്ങൾ.  മേൽപ്പറഞ്ഞ പണികളൊക്കെ ഏപ്രിൽ ആദ്യവാരത്തിലെങ്കിലും പൂർത്തിയാക്കിയില്ലെങ്കിൽ സമയത്തിന് വോട്ടിങ്ങ് നടത്താനാവില്ല. 

Read More

വോട്ട് ചോദിച്ച് കണ്ണന്താനം കയറിയത് കോടതി മുറിയില്‍

Kannanthanam enters court room seeking vote, creates controversy

പറവൂര്‍: വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി കോടതിയില്‍ കയറിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വോട്ടഭ്യർഥിക്കാൻ പറവൂരിലെത്തിയ എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയായ അൽഫോൻസ് കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദത്തിൽ. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാർ അസോസിയേഷൻ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക്‌ കയറുകയായിരുന്നു.
ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാർഥി കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജ് കോടതിയില്‍ ഉണ്ടായിരുന്നില്ല.
ഇവിടെ നിന്ന്  പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്.

Read More

ചെങ്ങന്നൂരില്‍ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍

youth arrested with fake notes of 50 rupees in chengannur

ആലപ്പൂഴ: ചെങ്ങന്നൂരില്‍ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് പള്ളത്ത്മലയിൽ വീട്ടിൽ സുനിൽ ചെറിയാൻ (ഇക്രു-37)യാണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. 
രണ്ടു മാസങ്ങൾക്ക് മുൻപ് ഗവ. ഐ ടി ഐ ജംഗ്ഷഷനു സമീപമുള്ള ചെങ്ങന്നൂർ ബിവറേജസ് ഔട്ട്ലൈറ്റിൽ ലഭിച്ച വ്യാജനോട്ട് ജീവനക്കാർ ചെങ്ങന്നൂർ പോലീസിൽ നൽകി. ഇതിനെ തുടർന്ന്  പോലീസ് ഔട്ട്ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. 
കഴിഞ്ഞ ദിവസം സ്പെഷ്യൽ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ  സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഐ ടി ഐ ജംഗ്ഷന് സമീപത്തു നിന്നുംപിടികൂടുകയായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും നോട്ടുകളും കണ്ടെടുത്തി. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ബാറ്റിംഗ് വെടിക്കെട്ടിലും ജീവിതത്തിലും ചേട്ടനാണയാള്‍; തന്നെക്കാള്‍ വലിയ ഹിറ്ററെ കുറിച്ച് റസല്‍

Gayle still bigger hitter says Andre Russell

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് കളിയിലും എക്‌സ് ഫാക്‌ടറായത് ആന്ദ്രേ റസല്‍ എന്ന വിന്‍ഡീസ് ഓള്‍റൗണ്ടറുടെ വെടിക്കെട്ട് ബാറ്റിംഗും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റസല്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 
റസല്‍ 17 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ അടിച്ചെടുത്തത് 48 റണ്‍സ്. ഇതോടെ റസലിനെ ഏറ്റവും മികച്ച ഹിറ്റര്‍ എന്ന് വിശേഷിപ്പിക്കുകയാണ് ക്രിക്കറ്റ് ലോകം. റസലിനെ പ്രശംസിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തി. ആദ്യ കളിയില്‍ റസല്‍ 19 പന്തില്‍ പുറത്താവാതെ 49 റണ്‍സെടുത്തിരുന്നു. എന്നാല്‍ പഞ്ചാബിനെതിരായ മത്സരശേഷം റസല്‍ പറഞ്ഞത് തന്നേക്കാള്‍ വലിയ ഹിറ്റര്‍ ഈ ഐപിഎല്ലിലുണ്ടെന്നാണ്. 
വിന്‍ഡീസ് സഹതാരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിനെയാണ് റസല്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. 'ഗെയ്‌ല്‍ തനിക്കൊരു സഹോദരനെ പോലെയാണ്, വലിയ ഇതിഹാസമാണയാള്‍. അദേഹത്തെ നേരത്തെ പുറത്താക്കാനായത് വലിയ നേട്ടമാണ്. ഇന്ന് ഞാന്‍ കുറച്ച് വമ്പനടികള്‍ പുറത്തെടുത്തു. എന്നാല്‍ ഗെയ്‌ലാണ് ഇപ്പോഴും ഏറ്റവും വലിയ ഹിറ്ററെന്ന്' മത്സരശേഷം റസല്‍ പറഞ്ഞു. 
ആന്ദ്രേ റസല്‍ മിന്നിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ജയം സ്വന്തമാക്കി. കൊല്‍ക്കത്ത 28 റണ്‍സിന് പഞ്ചാബിനെ തോല്‍പിച്ചു. കൊല്‍ക്കത്തയുടെ 218 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കേ ക്രിസ് ഗെയ്‌ലിനെ പ്രസിദിന്‍റെ കൈകളിലെത്തിച്ചത് റസലാണ്. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി. 

Read More

12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച് കൊന്നു

senior students kills 12 year old boy

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്.
തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റാണ് കുട്ടി മരണപ്പെട്ടത്. ഒപ്പം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വെെകിയതായും ആക്ഷേപമുണ്ട്.
ബിസ്ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടു വയസുകാരനെ മര്‍ദിച്ചത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് റൂമില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വാസു യാദവിനെ മര്‍ദിക്കുകയായിരുന്നു.
സംഭവം നടന്ന ശേഷം കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ പോലും സ്കൂള്‍ അധികൃതര്‍ തയാറായില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉഷാ നേഗി പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിച്ചെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവതിയുടെ പാസ്പോര്‍ട്ട് രണ്ടായി കീറിയതായി പരാതി

security official in Trivandrum airport has alleged that the girls passport was split in two

സൗദി അറേബ്യ: സൗദിയിലുള്ള ഭർത്താവാന്‍റെ അടുത്തേക്ക് പോകാൻ മക്കളുമായെത്തിയ യുവതിയുടെ പാസ്പോര്‍ട്ട്, തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. മക്കളായ ഫാദിൽ, ഫാഹിം എന്നിവരോടൊപ്പം  ദമ്മാമിലേക്ക് പോകാനെത്തിയ കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇർഷാദി​​​ന്‍റെ ഭാര്യ ഷനുജയുടെ പാസ്പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്.  മാർച്ച് 23 ന്​ രാവിലെ എട്ട്​ മണിക്കാണ്​ സംഭവം.
ഗൾഫ് എയർ വിമാനയാത്രക്ക്​ ബോർഡിങ് പാസ്​ വാങ്ങി എമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്​ഥന് പാസ്​പോർട്ട് കൈമാറി.  പാസ്​പോർട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങൾക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്​പോർട്ട് കീറിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഷനുജ നോക്കുമ്പോൾ പാസ്​പോർട്ട് അൽപം ഇളകിയ നിലയിലായിരുന്നു.
തുടർന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പൂർണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്പ്പോർട്ടാണ് ഷനുജയ്ക്ക് നല്‍കിയത്. ഇതുപയോഗിച്ച് യാത്രാനുമതി നൽകാനാവില്ലെന്ന് ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് തിരിച്ചു നൽകിയ പാസ്​പോർട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു. 
പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്ത ശേഷം ഇവരെ യാത്രക്ക്​ അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതിയയച്ചു. ഡിജിപിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. 

Read More

Tuesday, March 26, 2019

മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തി ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ നാട്ടിലേക്ക് കൊണ്ടുപോയി

Indian community in UAE helps airlift 66-year-old visitor

ദുബായ്: മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയതിന്റെ പിറ്റേദിവസം ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ ഒടുവില്‍ എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. മാര്‍ച്ച് 15ന് യുഎഇയിലെത്തിയ പഞ്ചാബ് സ്വദേശി സുരേന്ദ്ര നാഥ് ഖന്നയാണ് ശ്വാസകോശത്തിലെ അണുബാധ കാരണം ആശുപത്രിയിലായത്. 20 ലക്ഷത്തിലധികം രൂപയുടെ ആശുപത്രി ബില്ലടയ്ക്കാനാവാതെ മകനും കുടുംബവും ദുരിതമനുഭവിക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ച് ദില്ലിയിലേക്ക് മാറ്റിയത്.
പഞ്ചാബ് സ്വദേശി അനുഭവ് ഖന്നയാണ് മാര്‍ച്ച് 15ന് അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസം തന്നെ അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ച അണുബാധ  മറ്റ് അവയവങ്ങളിലേക്ക് കൂടി വ്യാപിച്ചുണ്ടായ ഗുരുതരാവസ്ഥയിലാണ് 66കാരനായ സുരേന്ദ്രനാഥിനെ ദുബായ് എന്‍എംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായിലേക്ക് വരുമ്പോള്‍ കാര്യമായ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ നാട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനകള്‍ നടത്തിയില്ല. ദുബായിലെത്തിയതിന്റെ പിറ്റേദിവസം ശ്വാസതടസം ഗുരുതരമായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അണുബാധ ഗുരുതരമായതിനാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സ തുടങ്ങിയെങ്കിലും കാലുകളിലേക്കും കൈകളിലേക്കും അണുബാധ പടര്‍ന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഇടത്തേ കൈ മുറിച്ചുമാറ്റി. വലതുകാലിനും ഗുരുതരമായ അണുബാധയേറ്റിട്ടുണ്ടെന്നും അതും മുറിച്ചുമാറ്റേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാരുടെ അനുമാനം. ദിവസവും 20,000 ദിര്‍ഹത്തോളമാണ് ആശുപത്രിയില്‍ ബില്ലായിരുന്നത്. ഒരു ലക്ഷത്തിലധികം ദിര്‍ഹം ആശുപത്രിയില്‍ കുടിശികയായതോടെ മക്കള്‍ക്കും കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിലപ്പുറമായി. ഇതിനിടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും 42,000 ദിര്‍ഹം കടം വാങ്ങി ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സ് എത്തിച്ചു. നാട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരാനായിരുന്നു പദ്ധതി.  എന്നാല്‍ ആശുപത്രി ഐസിയുവില്‍ നല്‍കുന്ന ഓക്സിജന്‍ സംവിധാനവും എയര്‍ആംബുലന്‍സിലെ പോര്‍ട്ടബിള്‍ വെന്റിലേറ്ററും പരസ്പരം ചേരില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇക്കാര്യം എയര്‍ ആംബുലന്‍സ് എത്തിച്ച കമ്പനി നേരത്തെ മനസിലാക്കിയിരുന്നില്ല.  ഇത് അവഗണിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് മനസിലായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
സംഭവം വാര്‍ത്തയായതോടെ നിരവധിപ്പേര്‍ കുടുംബത്തെ സഹായിക്കാനെത്തി. യുഎഇയിലെ ബിസിനസുകാരടക്കമുള്ളവരുടെയും കോണ്‍സുലേറ്റിന്റെയും സഹായത്തോടെ കൂടുതല്‍ സൗകര്യങ്ങളുള്ള എയര്‍ ആംബുലന്‍സ് വരുത്തി ഇന്നലെ വൈകുന്നേരത്തോടെ സുരേന്ദ്രനാഥിനെ ദില്ലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ദുബായ് എന്‍എംസി ആശുപത്രി അധികൃതര്‍ ബില്ലില്‍ കാര്യമായ ഇളവ് നല്‍കിയിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി അധികൃതര്‍ പിന്നീട് പണം ഈടാക്കിയില്ലെന്നും അനുഭവ് ഖന്ന പറഞ്ഞു. മാനുഷിക പരിഗണന നല്‍കി സഹായിച്ച ആശുപത്രിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന നീരജ് അഗര്‍വാള്‍ നന്ദി അറിയിച്ചു.
11 മാസം മുന്‍പാണ് അനുഭവ് ദുബായിലെത്തിയത്. തന്റെയും സഹോദരന്റെയും കുടുംബത്തിന്റെയും മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ചിട്ടും ചികിത്സാ ചെലവ് താങ്ങാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലേക്ക് വരുന്നതിന് മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. അതിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. നാട്ടില്‍ വെച്ചുണ്ടായ ചുമയും ശ്വാസ തടസവും യഥാസമയം പരിശോധിച്ച് ചികിത്സ തേടിയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദില്ലിയിലെ ചികിത്സയില്‍ സുരേന്ദ്രനാഥിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കും. 
ഗള്‍ഫിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ നിരവധിപ്പേര്‍ ദുരിതത്തിലായ സംഭവങ്ങള്‍ അടിക്കടിയുണ്ടായ പശ്ചാത്തലത്തിലായിരുന്നു അറിയിപ്പ്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് ആയിരം രൂപയോളം ചിലവാക്കിയാല്‍ ഇന്‍ഷുറന്‍സ് എടുക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
Read More

ഇന്ത്യന്‍ കമ്പനികള്‍ക്ക് അബുദാബിയില്‍ എണ്ണപര്യവേഷണത്തിന് അനുമതി

indian companies get nod to drill petroleum in UAE

ദില്ലി: ഇന്ത്യന്‍ കമ്പനികള്‍ക്ക് അബുദാബിയില്‍ എണ്ണപര്യവേഷണത്തിന് അനുമതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ കൺസോർട്യത്തിനാണ് അബുദാബി ഓൺഷോർ ബ്ലോക്ക് ഒന്നിൽ പര്യവേക്ഷണം നടത്താൻ അനുമതി ലഭിച്ചത്.  എണ്ണ പരിവേഷണം സംബന്ധിച്ച ധാരണയിൽ കണ്‍സോര്‍ഷ്യവും അബുദാബി നാഷനൽ ഓയില്‍ കമ്പനിയും ഒപ്പുവെച്ചു. 
കരാറിന് അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് ഒന്നിൽ എണ്ണ വാതക പരിവേക്ഷണ ഘട്ടത്തിൽ 100 ശതമാനം ഓഹരിയും കൺസോർഷ്യത്തിനായിരിക്കും. 62.6 കോടി ദിർഹമാണ് കൺസോര്‍ഷ്യം പദ്ധതിയിൽ നിക്ഷേപിക്കുന്നത്. പരിവേക്ഷണം വിജയകരമായാൽ ഉൽപാദനത്തിനുള്ള അനുമതി ഇവര്‍ക്ക് ലഭിക്കും. ഉൽപാദന ഘട്ടത്തിൽ 60 ശതമാനം ഓഹരി അഡ്നോകിനായിരിക്കും. 35 വർഷത്തിനാണ് കരാർ.
കരാറിൽ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ, ഭാരത് പെട്രോളിയം കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദുരൈസ്വാമി  രാജ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ ഊർജ സഹകരണത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് കരാറെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. 
ഇന്ത്യൻ കണ്‍സോര്‍ഷ്യത്തിന് നൽകിയ ബ്ലോക്ക് ഒന്നിൽ പരമ്പരാഗത എണ്ണ-വാതക ഉൽപാദന അവസരമായിരിക്കും ലക്ഷ്യം വെക്കുക. പരിവേഷണ അനുമതി യു.എ.ഇയുമായും അഡ്നോകുമായുമുള്ള  ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് രാജ്കുമാർ പറഞ്ഞു. അബുദാബി ലോവർ സകൂമിൽ ഇന്ത്യൻ എണ്ണ-വാതക കമ്പനികൾ ഓഹരി സ്വന്തമാക്കിയതിന് ശേഷമുള്ള സഹകരണ പദ്ധതിയാണിത്. ഹൈഡ്രോകാർബൺ മേഖലയിൽ യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More
Load More
Testimonial

Lorem ipsum dolor sit amet, consectetur adipiscing elit. Nullam non nibh nec sem placerat ornare. Duis venenatis sem non.

Joe Doe - Company Name

Lorem ipsum dolor sit amet, consectetur adipiscing elit. Nullam non nibh nec sem placerat ornare. Duis venenatis sem non.

Joe Doe - Company Name

Lorem ipsum dolor sit amet, consectetur adipiscing elit. Nullam non nibh nec sem placerat ornare. Duis venenatis sem non.

Joe Doe - Company Name

Lorem ipsum dolor sit amet, consectetur adipiscing elit. Nullam non nibh nec sem placerat ornare. Duis venenatis sem non.

Joe Doe - Company Name

Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates